തിരുവനന്തപുരം: റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഗ്ലാസ്ഗോയുടെ എംആർസിഎസ് പാർട്ട് ബി പരീക്ഷയുടെ ക്ലിനിക്കൽ എക്സാമിനേഷനും വൈവയും തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്നു. യുകെയിൽ നിന്നുള്ള 15 പേരും ഇന്ത്യയിൽ നിന്നുള്ള 12 പേരുമുൾപ്പെടെ 27 എക്സാമിനർമാരും കിംസ്ഹെൽത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ടീമും ചേർന്നാണ് പരീക്ഷ സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 100-ലധികം സർജൻമാർ മൂന്നു ദിവസം നീണ്ടുനിന്ന പരീക്ഷയിൽ പങ്കെടുത്തു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശസ്ത്രക്രിയാ വിദഗ്ധർക്ക് ഉയർന്ന തലത്തിലുള്ള ശസ്ത്രക്രിയാ പരിശീലനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അന്താരാഷ്ട്ര യോഗ്യതാ പരീക്ഷയാണ് എഫ്ആർസിഎസ് എന്ന ഉയർന്ന യോഗ്യതയിലേക്കുള്ള പ്രവേശന പരീക്ഷയായും എംആർസിഎസ് പരിഗണിക്കപ്പെടുന്നു.
കിംസ്ഹെൽത്ത് ഓർത്തോപീഡിക്സ് ആൻഡ് ട്രോമ വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോ-ഓർഡിനേറ്ററുമായ ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തിലാണ് പരീക്ഷ സംഘടിപ്പിച്ചത്. ഈ അന്താരാഷ്ട്ര പരീക്ഷയ്ക്ക് മൂന്നാം തവണയാണ് കിംസ്ഹെൽത്ത് വേദിയാകുന്നത്.